കോഴിക്കോട്: നിത്യവും നൂറുകണക്കിന് വാഹനങ്ങളെത്തുന്ന ബേപ്പൂർ ഫിഷിംഗ് ഹാർബറിൽ നിന്നുതിരിയാനിടമില്ല. ഓരോ ദിവസവും മത്സ്യക്കയറ്റുമതിക്കായി എത്തുന്ന വാഹനങ്ങൾക്കുപുറമെ വലിയ മത്സ്യക്കയറ്റുമതി വാഹനങ്ങൾ ദിവസങ്ങളോളം നിർത്തിയിട്ട് സ്ഥലം മുടക്കുന്നതും സ്ഥലപരിമിതിക്ക് കാരണമാകുന്നു.
ട്രോളിംഗ് നിരോധനമവസാനിച്ച് തുറമുഖം സജീവമായതോടെ മത്സ്യമെടുക്കാനെത്തുന്ന ചെറുവാഹനങ്ങൾക്കുപോലും ചിലപ്പോൾ ഹാർബറിലേക്ക് പ്രവേശിക്കാനാവാത്ത സ്ഥിതിയാണ്. എല്ലാ ദിവസവും പ്രധാന പാർക്കിംഗ് ഏരിയ, കയറ്റുമതി ലേലപ്പുര, മറ്റു രണ്ടു ലേലപ്പുരകൾ എന്നിവയുടെ പരിസരങ്ങളും നിറഞ്ഞ് ബോട്ടുകൾ മത്സ്യമിറക്കുന്ന വാർഫ് വരെ വാഹനങ്ങളെത്തുന്നുണ്ട്.
ഇത് ഹാർബറിന്റെ സുഗമമായ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. കൂടാതെ ലോ ലെവൽ ജെട്ടിയും വണ്ടിത്താവളമാക്കി. ഹാർബറിലേക്കുള്ള വാഹനങ്ങളുടെ പ്രവേശന ചുങ്കം മാത്രം നൽകി പലരുടെയും ഒന്നിലേറെ വലിയ ചരക്കു വാഹനങ്ങൾ ഹാർബറിൽ അനധികൃതമായി നിർത്തിയിടുന്നുണ്ട്.
ഇതിനെതിരേ നേരത്തെ തന്നെ നടപടി ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. ചില മത്സ്യക്കയറ്റുമതിക്കാരുടെയും ഏജന്റുമാരുടെയും വണ്ടിത്താവളമാക്കി മാറ്റിയതാണ് ഹാർബറിൽ നിത്യവും വന്നുപോകുന്ന ചരക്കുവാഹനങ്ങൾ നിർത്താൻ ഇടമില്ലാതാക്കുന്നതെന്ന് ബോട്ടുടമകളും തൊഴിലാളികളും പറയുന്നു.